Kerala
കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.
Kerala
കൊച്ചി: കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം വൈകുന്നത് സര്‍ക്കാരിന് ചെലവ് കൂട്ടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാക്കനാട് വരെയുള്ള ആദ്യ അഞ്ചു സ്റ്റേഷനുകളിലേക്ക് ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കി.
അതുപ്രകാരം പാലാരിവട്ടം ജംഗ്ഷന്, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ സ്റ്റേഷനുകളിലേക്ക് ആദ്യം സര്‍വീസ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ബാക്കി വരുന്ന സിവില്‍ സ്റ്റേഷന് ജംഗ്ഷന്, കൊച്ചിന് സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് എന്നിവ രണ്ടാം ഭാഗമായി ഡിസംബറില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ. നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യ ഭാഗം മാത്രമാകും പൂര്‍ത്തിയാവുക.
ഇത് നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകും. മെട്രോയുടെ പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ നിലവില്‍ വലിയ ഗതാഗത കുരുക്ക് കൊച്ചിയിലുണ്ട്. പണികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്നത് ചെലവും ഗതാഗത കുരുക്കും വര്‍ധിപ്പിക്കും. നിര്‍മാണ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്ലൈന് മാറ്റുന്നതില്‍ ഉള്‍പ്പെടെ കാലതാമസം വന്നു.
വാഴക്കാലയിലും പടമുകളിലും സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടില്ലെന്നും ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിട്ടുണ്ട്. തടസങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും നിര്‍മാണം നടക്കുന്നുണ്ട്.
അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ മാര്‍ച്ച് പകുതിയോടെ തയാറാകുമെന്നും ലോക്നാഥ് ബഹ്റ പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകാതെ എന്ന് മൂന്നാം ഘട്ടം ആരംഭിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍.
Kerala
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.
പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
District News
കൊച്ചി: കൊച്ചി മെട്രോയിലേക്കും വാട്ടര്‍ മെട്രോയിലേക്കും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഒരു വയസ് പൂര്‍ത്തിയാകുമ്പോള്‍, സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 14 ലക്ഷം പിന്നിട്ടു.
മികച്ച സേവനം, സുഖകരമായ യാത്രാനുഭവം, സുരക്ഷിതത്വം എന്നിവയിലൂടെ മികച്ച ബദല്‍ റോഡ് ഗതാഗത ശൃംഖലയായി വളരുകയാണ് ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ്.
2025 ജനുവരി 15നാണ് അര്‍ബന്‍ ഫീഡര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിലും വാട്ടര്‍ മെട്രോയിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് വീടുകളിലേക്കും മറ്റും പോകുന്നതിനുള്ള കണക്ടിവിറ്റി സര്‍വീസായാണ് പദ്ധതി ആരംഭിച്ചത്. ആദ്യ വര്‍ഷം തന്നെ ആറു പ്രധാന റൂട്ടുകളിലായി സര്‍വീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകള്‍, ഏഴ് ചാര്‍ജിംഗ് യൂണിറ്റുകള്‍, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡര്‍ ബസ് സര്‍വീസ് വളരുകയും ചെയ്തു.
പ്രതിദിനം ശരാശരി 2,300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ഈ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഈ കാലയളവില്‍ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസിന്റെ ഗുണഭോക്താക്കളായത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ട്, മെഡിക്കല്‍ കോളജ്, കടവന്ത്ര - പനമ്പിള്ളിനഗര്‍, ഹൈക്കോര്‍ട്ട് സര്‍ക്കുലര്‍ റൂട്ടുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
കൊച്ചി മെട്രോ റെയിലിന്റെയും വാട്ടര്‍ മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വര്‍ധനയിലും ഫീഡര്‍ സര്‍വീസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ.
സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി. പുലർച്ചെ രണ്ടു വരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്.
പുലർച്ചെ നാലു വരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്ത് റിക്കാർഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബർ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റിക്കാർഡ് സൃഷ്ടിച്ചു.
District News
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ ഇന്നലെ പുലര്‍ച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു ഗര്‍ഡര്‍ മള്‍ട്ടി ആക്സില്‍ ട്രെയിലര്‍ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന് ഹെവി ഡ്യൂട്ടിക്രെയിന് ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളിലെ പിയര്‍ ക്യാപ്പില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരും. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്. വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെൻഡറിംഗ് നടപടികളും പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി.
മട്ടാഞ്ചേരി ടെര്‍മിനലിലായിരുന്നു ചടങ്ങ്. ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023ലാണ് വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന്റെ നിര്‍ണായകമായ ചുവടുവയ്പ്പാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ആയപ്പോള്‍ അഞ്ച് ടെര്‍മിനല്‍ കൂടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയുടെ മുഖച്ഛായ വലിയ തോതില്‍ മാറുന്നതിന് പുതിയ ടെര്‍മിനലുകള്‍ സഹായിക്കും. ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാകും.
കൊച്ചി നഗരത്തിനും പ്രസ്തുത പ്രദേശങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഇത് ഉപകരിക്കും. നാട് പല കാര്യങ്ങളിലും രാജ്യത്തുതന്നെ മുന്നിട്ടുനില്‍ക്കുകയാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, ദാരിദ്ര്യ നിര്‍മാര്‍ജനം ഇവിടെയെല്ലാം ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യം തന്നെ പ്രത്യേകതയോടെ കാണുന്നതാണ്. ഇത്തരത്തില്‍ അനേകം കാര്യങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഒന്നാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.